ഹജ്ജ് നല്‍കുന്ന തൗഹീദിന്റെ സന്ദേശം

ഇസ്‌ലാം കാര്യങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണല്ലൊ ഹജ്ജ്. ശരീരവും മനസ്സും സമ്പത്തും സമയവും ത്യാഗവും എല്ലാം ഒത്ത് ചേരുന്ന ഹജ്ജിനോളം ഗൗരവമേറിയ മറ്റൊരു ആരാധന ഒരു പക്ഷേ, നമുക്ക് കണ്ടെത്താനാവുകയുമില്ല. ജീവിതത്തില്‍ അധികമാളുകള്‍ക്കും അത് നിര്‍വഹിക്കാന്‍ അവസരം ലഭിക്കാറില്ലെന്നതുപോലെത്തന്നെ നിര്‍വഹിക്കുന്നവരില്‍ അധികമാളുകളും അതിന്റെ ലക്ഷ്യം കൈവരിക്കാതെ പോകുന്നു എന്നതും വാസ്തവമാണ്!

മഹാനായ മുജാഹിദ്(റ) ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെ അടുത്ത് വെച്ച് ഇപ്രകാരം പറഞ്ഞു: 'എത്രമാത്രം ഹാജിമാരാണ് ഇപ്രാവശ്യം എത്തിയിട്ടുള്ളത്!' അന്നേരം ഇബ്‌നു ഉമര്‍(റ) പറഞ്ഞു. എത്രയെത്ര യാത്രാ സംഘങ്ങളാണ് ഇപ്രാവശ്യം എന്ന് പറഞ്ഞാല്‍ മതി' (മുസ്വന്നഫ് അബ്ദുര്‍റസാക്വ്). 

സ്വഹാബത്തിന്റെ കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ, മേല്‍ പറയപ്പെട്ട വാക്ക് പറയേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ ഇന്നത്തെ അവസ്ഥസ്ഥപറയേണ്ടതുണ്ടോ?

അതിനാല്‍ ഹജ്ജിന്റെ ആത്മാവ് എന്താണെന്ന് കൃത്യമായി നാം അറിയേണ്ടതുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹജ്ജ് ശഹാദത്ത് കലിമയുടെ പ്രഖ്യാപനമാണ് എന്നതാണ്. അല്ലാഹു, അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും അതിനാല്‍ ആരാധനയുടെ ഏതൊക്കെ വശങ്ങളുണ്ടോ അവയൊക്കെയും അല്ലാഹുവിന് വേണ്ടി മാത്രമെ എന്നില്‍ നിന്നും ഉണ്ടായിത്തീരുകയുള്ളൂ എന്നും ജീവിതം കൊണ്ട് തെളിയിക്കലാണത്. അതുപോലെ ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ, മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ റസൂലാണ് എന്നതും തന്റെ ജീവിതം കൊണ്ട് പ്രഖ്യാപിക്കലാണ് അതില്‍ അടങ്ങിയിട്ടുള്ളത്.

ഹജ്ജും തൗഹീദും

നബി(സ്വ) ഒരു ഹജ്ജ് മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രസ്തുത ഹജ്ജിനെ സംബന്ധിച്ച് പറയുന്നിടത്ത് സ്വഹാബികള്‍ വിവരിക്കുന്നതില്‍ ഇപ്രകാരം നമുക്ക് കാണാന്‍ കഴിയും. ജാബിര്‍(റ) പറയുന്നു:

''നബി(സ്വ) തൗഹീദിന്റെ പ്രഖ്യാപനം നടത്തി''(മുസ്‌ലിം).

ഹജ്ജ് പൂര്‍ണമായും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യംവെച്ചായിരിക്കണം എന്നത് നബി(സ്വ)യുടെ ഹജ്ജിനെക്കുറിച്ച് പഠിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാനാകും.

നബി(സ്വ) ഹജ്ജിലേക്ക് പ്രവേശിച്ചപ്പോള്‍ ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി:

''അല്ലാഹുവേ, ലോകമാന്യതക്കും പ്രശസ്തിക്കുമുള്ള ഒരു ഹജ്ജാക്കാക്കി ഇതിനെ മാറ്റരുതേ'' (ബുഖാരി).

തല്‍ബിയത്

''ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക് ലാശരീക ലക്' (അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല).

തൗഹീദിന്റെ പ്രഖ്യാപനവും വിളംബരവുമാണ് നാമിതില്‍ ദര്‍ശിക്കുന്നത്. 

കഅ്ബ

ഹജ്ജിന്റെ കര്‍മങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒരു സ്ഥാനമാണ് കഅ്ബക്കുള്ളത്. അല്ലാഹു പറയുന്നത് കാണുക:

''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)'' (ആലു ഇംറാന്‍: 96). 

കഅ്ബയോടടുക്കുന്ന ഒരു ഹാജിയുടെ മനസ്സിലുണ്ടാകേണ്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി ആദ്യം നിര്‍മിക്കപ്പെട്ട ഒരു ഭവനത്തിനടുത്താണ് ഞാനുള്ളത് എന്നതാണ്.  

സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കലും ബഹുദൈവ വിശ്വാസം കടന്നുവരാന്‍ പാടില്ല. ഏകനായ അല്ലാഹു മാത്രം ആരാധിക്കപ്പെടുന്ന ഭവനമായി കഅ്ബ സംരക്ഷിക്കപ്പെടണം. ഇബ്‌റാഹീം നബിൗക്ക് അല്ലാഹു അതിനുള്ള സ്ഥാനം നിര്‍ണയിച്ചു കൊടുത്തു.

''ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു)'' (അല്‍ഹജ്ജ്: 26).

ത്വവാഫ് 

ഹജ്ജിന്റെയും ഉംറയുടെയും റുക്‌നുകളില്‍ പെട്ടതാണ് കഅ്ബ ത്വവാഫ് ചെയ്യല്‍. 

തൗഹീദിന് നിരക്കാത്തതൊന്നും കഅ്ബയുടെ അടുത്ത് വെച്ചും ത്വവാഫിനിടയിലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ത്വവാഫ് ആരംഭിക്കുന്നത് 'അല്ലാഹു അക്ബര്‍' എന്ന പ്രഖ്യാപനത്തോടെ ആയിരിക്കണം. ഹജറുല്‍ അസ്‌വദിന് അടുത്തുനിന്ന് അത് ആരംഭിക്കുവാന്‍ സാധിക്കുമെങ്കില്‍ അതിനെ ചുംബിച്ച് കൊണ്ട,് അതിന് കഴിഞ്ഞില്ലെങ്കില്‍ വലതു കൈ കൊണ്ട് അതിനെ തൊട്ട് കൈ മുത്തിക്കൊണ്ട,് അതിനും കഴിഞ്ഞില്ലെങ്കില്‍ വലതു കൈ മാത്രം ഉയര്‍ത്തി അതിനു നേരെ അഭിവാദ്യം ചെയ്തുകൊണ്ടായിരിക്കണം തുടക്കം. പ്രസ്തുത സന്ദര്‍ത്തില്‍ തൗഹീദിന്റെ ആദര്‍ശം കൈമോശം വന്നു പോകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. മഹാനായ ഉമര്‍(റ) കഅ്ബ ത്വവാഫ് ചെയ്യുന്ന സമയം ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്:

''കല്ലേ, നീ ഒരു കല്ല് മാത്രമാണ.് എനിക്ക് ഉപകാരം ചെയ്തു തരാനോ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനോ നിനക്ക് ആകില്ല. നബി (സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല'' (ബുഖാരി).

അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലം മക്ക. മക്കയിലെ അനുഗൃഹീത സ്ഥലം  ഹറം. ഹറമിലെ വിശുദ്ധമായ കഅ്ബ. കഅ്ബയിലെ, സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട കല്ലായ ഹജറുല്‍ അസ്‌വദ്. ശ്രദ്ധിച്ചില്ലെങ്കില്‍ ആദരവ് ആരാധനക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. ഉപകാരം ചെയ്യുന്നവനും ഉപദ്രവങ്ങള്‍ നീക്കുന്നവനും അല്ലാഹു മാത്രമാണെന്ന ചിന്ത അവിടെവെച്ച് ഒരു വിശ്വാസിയില്‍ നിന്നും നഷ്ടപ്പെട്ടുകൂടാ. 

ത്വവാഫിന്റെ പൂര്‍ണത ത്വവാഫിനുശേഷം മ ക്വാമു ഇബ്‌റാഹീമിന്റെ പുറകിലായി രണ്ട് റക്അത്ത് നമസ്‌കാരം കൂടി നിര്‍വഹിക്കുന്നതോടു കൂടിയാണ് കൈവരിക്കപ്പെടുന്നത്. ജനബാഹുല്യത്താല്‍ അവിടെ വെച്ചു തന്നെ നമസ്‌കരിക്കാന്‍ കഴിയണമെന്നില്ല. ഹറമില്‍ സൗകര്യപ്പെടുന്നിടത്ത് അത് നിര്‍വഹിച്ചാല്‍ മതി. 

പ്രസ്തുത നമസ്‌കാരത്തില്‍ ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യേണ്ടതുണ്ട്. രണ്ടും കൃത്യമായും തൗഹീദിനെ വ്യക്തമാക്കുന്ന അധ്യായങ്ങള്‍! 

മക്വാമു ഇബ്‌റാഹീം

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനായി നിര്‍മിക്കപ്പെട്ട കഅബയുടെ പുനര്‍നിര്‍മാണ സമയത്ത് ഇബ്‌റാഹീം നബിൗ കയറി നിന്ന് പടുക്കാന്‍ ഉയരത്തിനായി ഉപയോഗിച്ച കല്ലാണ് അതെന്ന് പറയപ്പെടുന്നു. അതിന്റെയും ചരിത്രം തൗഹീദിന്റെ ഭാഗം തന്നെ. 

സ്വഫായും മര്‍വയും

ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ അവ രണ്ടിന്റെയും അവിഭാജ്യ ഘടകമായി അനു ഷ്ഠിക്കേണ്ടതാണ് സഅ്‌യ്. 

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമാകുന്നു'' (അല്‍ബക്വറ: 158).

'ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് നടത്തുന്നതില്‍ കുറ്റമില്ല' എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട്:

 ജാഹിലിയ്യ കാലത്ത് സ്വഫായില്‍ 'ഇസാഫ്' എന്നും മര്‍വയില്‍ 'നാഇല' എന്നും പേരുള്ള വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിഗ്രഹാരാധനയുടെ അപകടം മനസ്സിലാക്കിയ വിശ്വാസികള്‍ അവിടെ സഅ്‌യ് ചെയ്യുമ്പോള്‍ അത് അവരുടെ മനസ്സില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികം. അതുകൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ടതില്ല; അവിടെ സഅ്‌യ് നടത്തുന്നത് കുറ്റകരമായ പ്രവര്‍ത്തനമല്ല എന്ന് അല്ലാഹു അവരെ ആശ്വസിപ്പിക്കുകയാണ്. പണ്ട് വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സ്ഥലമാണെങ്കിലും ഇന്ന് ഞങ്ങളുടെ പ്രഖ്യാപനം ശിര്‍ക്കിനെതിരിലുള്ള തൗഹീദിന്റെ പ്രഖ്യാപനമാണ് എന്ന് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു:

''അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവ ന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. സ്തുതിയും അധികാരവും അവനു തന്നെ. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന്‍ തന്റെ വാഗ്ദത്തം പൂര്‍ത്തീകരിച്ചു. തന്റെ ദാസനെ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി'''

എവിടെയും തൗഹീദിന്റെ വിളംബരം!

അറഫ

ദുല്‍ഹജജ് ഒമ്പതിന് ഉച്ച മുതല്‍ അസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്നു. അവിടെയും അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനകള്‍. 

''അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. എല്ലാ സ്തുതി കളും ആധിപത്യവും അവനുതന്നെ. അവന്‍ എല്ലാറ്റിനും കഴിവുള്ളവനുമാണ്.''

മുസ്ദലിഫ

ദുല്‍ഹജ്ജ് ഒമ്പത് അസ്തമിച്ച, പത്തിന്റെ രാവില്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കണം. അതിന് ശേഷം പത്തിന്റെ പ്രഭാതത്തില്‍ (സൂര്യോദയത്തിന് മുമ്പ്) മിനായിലേക്ക് പോകണം 

ജാഹിലിയ്യ കാലത്ത് മുസ്ദലിഫയിലെ ഥബീര്‍ പര്‍വത നിരകളിലേക്ക് നോക്കി 'അല്ലയോ ഥബീര്‍ പര്‍വതമേ, സൂര്യനെ ഞങ്ങളിലേക്ക് ഉദിപ്പിക്കൂ' എന്ന് പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്ക് അവസരം കൊടുക്കാതെ സൂര്യോദയത്തിനു മുമ്പ് തന്നെ മുസ്ദലിഫയില്‍ നിന്നും പോകാന്‍ മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടു. 

ബലിയറുക്കല്‍

ഹജ്ജിന്റെ കര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബലിയറുക്കല്‍. അതാകട്ടെ അല്ലാഹുവിനുവേണ്ടി മാത്രമാകണം എന്നതാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

''നീ നിന്റെ റബ്ബിനുവേണ്ടി നമസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക'' (സൂറ: അല്‍കൗഥര്‍).

ജംറകളില്‍ കല്ലെറിയല്‍

അല്ലാഹു തന്നോടു കല്‍പിച്ച ആരാധനയുടെ ഭാഗമായാണ് താനിതു നിര്‍വഹിക്കുന്നത് എന്ന മനസ്സോടെ കടലമണിയോളം വലുപ്പമുള്ള ഏഴു കല്ലുകള്‍ കൊണ്ട് ഏഴു പ്രാവശ്യമാണ് ഓരോ ജംറകളിലും എറിയേണ്ടത്.

'അല്ലാഹു അക്ബര്‍' എന്ന് തൗഹീദിന്റെ വാക്യം ഉച്ചരിച്ചാണ് എറിയേണ്ടത്.

എല്ലാം അല്ലാഹുവിന്

ഹജ്ജിന്റെ കര്‍മങ്ങള്‍- ഇഹ്‌റാമില്‍ പ്രവേശിച്ച് തല്‍ബിയത്ത് ചൊല്ലല്‍ മുതല്‍ ത്വവാഫുല്‍ വിദാഅ് വരെയുള്ള എല്ലാ കര്‍മങ്ങളും തൗഹീദ് (ഏകദൈവവിശ്വാസം) മനസ്സിലും ജീവിതത്തിലും ഊട്ടിയുറപ്പിക്കാനാണ് നമ്മെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. 'അല്ലാഹുവേ,  പങ്കുകാരില്ലാത്ത ഏകനായ റബ്ബേ' എന്ന് ദിവസങ്ങളോളം രാപ്പകല്‍ വ്യത്യാസമില്ലാതെ ഉറക്കെ വിളിച്ച ഒരു ഹാജിക്ക് എങ്ങനെ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാനും സങ്കടമുണര്‍ത്തി സഹായമര്‍ഥിക്കാനും സാധിക്കും? ഇല്ല, അതൊരിക്കലും ഉുണ്ടായിക്കൂടാ. തൗഹീദിന്നു വേണ്ടി ജീവിച്ച്, ആമാര്‍ഗത്തില്‍ നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച്, സാക്ഷാല്‍ അഗ്‌നി പരീക്ഷണത്തിനു വിധേയനായ ഇബ്‌റാഹീം നബി(സ്വ)യുടെയും കുടംബത്തിന്റെയും ജീവിത മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് അല്ലാഹുവോടല്ലാതെ പ്രാര്‍ഥിക്കുകയും നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന, ഇസ്‌ലാമിന്റെതല്ലാത്ത മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അവന് ഹജ്ജ് എന്തെന്ന് മനസ്സിലാക്കിയിട്ടില്ല. ഇബ്‌റാഹീം നബിയുടെ പ്രഖ്യാപനം നമുക്ക് ക്വുര്‍ആന്‍ പറഞ്ഞു തരുന്നത് കാണുക:

''നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:  ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്'' (അല്‍മുംതഹിന: 4).

ഈ ആദര്‍ശം ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമെ നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ; അങ്ങനെ നമുക്കതിലൂടെ സ്വര്‍ഗം നേടുവാന്‍ സാധിക്കുകയുള്ളൂ.

പ്രതീക്ഷയും അര്‍പ്പണവും

വിജനമായ മരുഭൂമിയില്‍ പിഞ്ചു പൈതലിനെയും തന്നെയും തനിച്ചാക്കിക്കൊണ്ട് തിരിച്ചുപോകുന്ന ഭര്‍ത്താവിനോട് 'ഇത് അല്ലാഹുവിന്റെ കല്‍പനപ്രകാരമാണെങ്കില്‍ അവന്‍ ഞങ്ങളെ കയ്യൊഴിക്കുകയില്ല' എന്നു പറഞ്ഞ ഹാജറാബീവിയുടെ വിശ്വാസത്തിന്റെ കരുത്ത് അതുല്യമാണ്. അല്ലാഹു കൈവിട്ടില്ല. മരുഭൂമിയില്‍ നീരുറവ (സംസം) നല്‍കി അല്ലാഹു അവരെ സഹായിച്ചു. ഇതെല്ലാം നടന്ന സ്ഥലങ്ങള്‍ നേരില്‍ കാണുകയും അയവിറക്കുകയും അവരുടെ അന്നത്തെ പരിശ്രമം സഅ്‌യിലൂടെ ഓര്‍മിക്കുകയും ചെയ്യുന്ന ഹാജിയുടെ മനസ്സില്‍, തന്റെ ജീവിതവും അല്ലാഹുവിന്നര്‍പ്പിച്ച് അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം. അതെ, അല്ലാഹുവിന്റെ വാഗ്ദാനം അതെത്ര സത്യം!

''ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നുവോ അവര്‍ക്കവന്‍ മാര്‍ഗം കാണിച്ചു കൊടുക്കുകയും അവന്‍ വിചാരിക്കാത്ത വഴിയിലൂടെ ഉപജീവനം നല്‍കുകയും ചെയ്യും. ആര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവോ അവന് അല്ലാഹു മതി, തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. (65:2,3)

അല്ലാഹു മഖ്ബൂലും മബ്‌റൂറുമായ (സ്വീകാര്യവും പുണ്യകരവുമായ) നിലയില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുവാനും അതിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കുവാനും മുഴുവന്‍ സഹോദരങ്ങള്‍ക്കും തൗഫീഖ് നല്‍കട്ടെ. തങ്ങളുടെ മാതാക്കള്‍ തങ്ങളെ പ്രസവിച്ച ദിവസത്തിലേതു പോലെ പാപമുക്തരായി തിരിച്ചുവരാനും, പ്രതിഫലമായി സ്വര്‍ഗം കരഗമാക്കുവാനും ഹജ്ജ് ചെയ്യുന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.(ആമീന്‍).അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top