നദ്ര്‍ അഥവാ നേര്‍ച്ച

നേര്‍ച്ച എന്ന് അര്‍ഥം വരുന്ന അറബി വാക്ക്. ഭാവിയില്‍ ഒരു കാര്യം സാധിപ്പിച്ചുതന്നാല്‍ അതിന് നന്ദിസൂചകമായി ഒരു പ്രത്യേകകാര്യം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതിനാണ് നദ്ര്‍ എന്നുപറയുന്നത്. ‘നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിനെ സ്വാധീനിക്കുക സാധ്യമല്ല. അതിനാല്‍ അവ നിഷ്പ്രയോജനങ്ങളാണ്’ എന്ന് ബുഖാരി, മുസ്‌ലിം മുതലായവര്‍ നിവേദനംചെയ്ത ഒരു ഹദീസുണ്ട്. നേര്‍ച്ചകള്‍ വിലക്കുന്ന ഹദീസുകളും നേര്‍ന്ന നേര്‍ച്ചകള്‍ നിര്‍വഹിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഹദീസുകളുമുണ്ട്. അല്ലാഹുവിന് ഹിതകരമായ പ്രവൃത്തികളിലൂടെ (ത്വാഅത്) അവന്റെ പ്രീതി കരസ്ഥമാക്കാനുപയോഗിക്കുന്ന നേര്‍ച്ചകള്‍ക്ക് ‘നദ്‌റുത്തബര്‍റുര്‍'(പുണ്യനേര്‍ച്ച) എന്ന് പറയുന്നു. അവ അനുവദനീയമായ നേര്‍ച്ചകളാണ്.

നേര്‍ച്ചകളെ പ്രതിജ്ഞകളെപ്പോലെത്തന്നെയാണ് ഇസ്‌ലാം കാണുന്നത്. അവ നിര്‍വഹിക്കാതിരുന്നാല്‍ ‘കഫ്ഫാറത്’ നല്‍കണം. കൂടുതല്‍ നല്ല കാര്യത്തിനുവേണ്ടി ഒരു നേര്‍ച്ചയില്‍നിന്ന് പിന്‍വലിയാവുന്നതാണ്. അടിമയെ മോചിപ്പിക്കുക/ പത്തുപേരെ ഉടുപ്പിക്കുക/ പത്ത് പേരെ ഊട്ടുക എന്നിവയാണ് നിര്‍വഹിക്കാത്ത നേര്‍ച്ചകള്‍ക്കുള്ള കഫ്ഫാറത്.
അല്ലാഹുവിന് നേര്‍ന്ന നേര്‍ച്ചകള്‍ പാലിക്കണമെന്ന് തന്നെയാണ് ഖുര്‍ആനില്‍നിന്ന് മനസ്സിലാകുന്നത്. ‘നേര്‍ച്ചകള്‍ നിര്‍വഹിക്കുന്നവരെ കര്‍പ്പൂരം ചേര്‍ത്ത പാനീയം കുടിപ്പിക്കുന്നതാണ്(അദ്ദഹ്ര്‍ -7)എന്ന് ഖുര്‍ആന്‍ പറയുന്നു. ‘നേര്‍ച്ചകള്‍ നിര്‍വഹിക്കാതിരിക്കുന്നത് പാപമാണ്’ എന്ന് ഹദീസിലും കാണാം.
അല്ലാഹുവിന്റെ പേരിലല്ലാതെ നേര്‍ച്ചകള്‍ നേരുന്നത് ബഹുദൈവാരാധനയുടെ ഭാഗമാണ്. ഹലാലായ(മതദര്‍ശന പ്രകാരം അനുവദനീയമായ) കാര്യങ്ങള്‍ സാധിച്ചു കിട്ടുന്നതിനാവണം നേര്‍ച്ച. നിഷിദ്ധ(ഹറാം)കാര്യങ്ങള്‍ നേടുന്നതിനായി നേര്‍ച്ച അരുത്. നിഷിദ്ധമായത്/ അനുവദനീയമല്ലാത്തത് നേര്‍ച്ച നേരുന്നതും ശരിയല്ല. വലിയ്യുകള്‍ക്കും അവരുടെ മഖ്ബറകള്‍ക്കും നേര്‍ച്ച നേരുന്ന പതിവ് ചില മുസ്‌ലിംകളില്‍ ഇന്നും നിലനില്‍ക്കുന്ന ദുരാചാരമാണ്. ഇവ പ്രമാണവിരുദ്ധമാണെന്ന് ഭൂരിപക്ഷം പണ്ഡിതന്‍മാരും ഫത് വ നല്‍കിയിട്ടുണ്ട്.

 

 

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top