ഇഅ്തികാഫ്

ദൈവപ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴിയുന്നതിനാണ് ‘ഇഅ്തികാഫ്’ എന്ന് പറയുന്നത്. ‘ഭജിക്കുക’, ‘ഒരു സംഗതിയില്‍ നിരതമാകുക’ എന്നാണ് ഇഅ്തികാഫിന്റെ അര്‍ഥം.

‘ഈ പള്ളിയില്‍ ഞാന്‍ ഇഅ്തികാഫിനിരിക്കുന്നു’ എന്ന നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞുകൂടുന്നതാണ് പുണ്യകരമായ ഇഅ്തികാഫ്. അതില്‍ അല്‍പനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ‘റമദാനിന്റെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ മദീനയിലെ മസ്ജിദില്‍ ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്നു. നബി വഫാത്തായ വര്‍ഷം ഇരുപത് ദിവസമാണ് അദ്ദേഹം ഇഅ്തികാഫ് ഇരുന്നത്. അദ്ദേഹത്തിന്റെ കാലശേഷവും സ്വഹാബികളും പ്രവാചകപത്‌നിമാരും ഈ ചര്യ പിന്തുടര്‍ന്ന് പള്ളിയില്‍ ഇഅ്തികാഫ് ചെയ്തു’ (ബുഖാരി, അബൂദാവൂദ്, ഇബ്‌നുമാജ). എന്നാല്‍ ഇഅ്തികാഫിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഹദീസുകളൊന്നും നേരാംവണ്ണം വന്നിട്ടില്ല(ഇമാം അഹ്മദ് ഇബ്‌നു ഹന്‍ബല്‍). തിരുചര്യ എന്ന നിലയില്‍ ഇഅ്തികാഫ് ഐച്ഛികമാണ്. അതിന്റെ സാധുത സംശയാതീതമത്രെ.

ഇഅ്തികാഫ് രണ്ടുതരമുണ്ട്.’വാജിബാ’യതും ‘സുന്നത്താ’യതും നിരുപാധിക നേര്‍ച്ചയിലൂടെയോ സോപാധിക നേര്‍ച്ചയിലൂടെയോ ഇഅ്തികാഫ് വാജിബാകും. തിരുചര്യയെ പിന്തുടരുക എന്ന നിലക്കുള്ള ഇഅ്തികാഫാണ് സുന്നത്താവുക. വാജിബായ ഇഅ്തികാഫ് നിശ്ചിത സമയത്തുതന്നെ നിര്‍വഹിക്കണം. നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കുകയും വേണം. ഐച്ഛികമായ ഇഅ്തികാഫിന് നിര്‍ണ്ണിതസമയമില്ല.
ഇഅ്തികാഫിരിക്കല്‍ മറ്റുള്ളവര്‍ക്ക് ശല്യമാവാത്ത രൂപത്തിലാണ് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ ഇതിനായി പ്രത്യേകസ്ഥലമൊരുക്കുന്നതിന് വിരോധമില്ല. നിയ്യത്ത്, ഈമാന്‍, സ്വബോധം (അഖ്ല്‍), ശുദ്ധി, ത്വഹാറത്ത് എന്നിവയാണ് ഇഅ്തികാഫിന്റെ നിബന്ധനകള്‍(ശര്‍ത്വുകള്‍). പള്ളിയിലായിരിക്കണം ഇഅ്തികാഫിരിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ പള്ളിയില്‍ ഇഅ്തികാഫിലിരിക്കെ അവരു(സ്ത്രീകള്‍)മായി സംസര്‍ഗമരുത്.’ ജുമുഅ നടക്കുന്ന പള്ളിയിലാണ് ഇഅ്തികാഫ് അഭികാമ്യം. ഇഅ്തികാഫ് വ്രതമാസത്തിലായിരിക്കണമെന്ന് നിബന്ധനയില്ല. ഖുര്‍ആന്‍ പാരായണം, ദൈവസ്തുതികള്‍ ഉരുവിടുക, സ്വലാത് ചൊല്ലുക, എന്നിവ ഇഅ്തികാഫ് ഇരിക്കുന്നവന്റെ മര്യാദകളാണ്. എന്നാല്‍ മൗനാചരണം നന്നല്ല.ഇസ്ലാം പാഠശാല

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top