എന്താണ് ഫിഖ്ഹ്, ആരാണ് ഫഖീഹ്?

ലൗലാ നഫറ മിന്‍കുല്ലി ഫിര്‍ഖത്തിന്‍ മിന്‍ഹും ത്വാഇഫത്തുന്‍ ലി യത്തഫഖഹൂ ഫിദ്ദീനി (സൂറ അത്തൗബ 122). ദീനില്‍ അവഗാഹം നേടാന്‍ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തമാണിത്. 'അവരില്‍ ഓരോ വിഭാഗത്തില്‍നിന്നും ഓരോ സംഘം ദീനില്‍ അവഗാഹം നേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്' എന്നര്‍ഥം. വിശ്വാസിസമൂഹം ഒന്നടങ്കം യുദ്ധത്തിനു പുറപ്പെടാന്‍ പാടില്ല എന്നു പറഞ്ഞതിനു ശേഷമാണിത് വന്നിട്ടുള്ളത്. 'ലൗലാ ദഹബ' എന്നല്ല ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. 'ദഹബ'ക്കും പോവുക എന്നാണല്ലോ അര്‍ഥം. 'നഫറ' എന്നാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. 'നിര്‍ബന്ധമായ ഒരു കാര്യത്തിനു വേണ്ടി ഒരിടത്തേക്ക് പോവുക' എന്നതിനാണ് മൗലികമായി 'നഫറ' എന്ന് പ്രയോഗിക്കുക എന്ന് ഇമാം റാസി വിശദീകരിച്ചിട്ടുണ്ട്. 'ദഹബ' എന്ന വാക്കാണ് പ്രയോഗിക്കുന്നതെങ്കില്‍ അതില്‍ 'നിര്‍ബന്ധമായ കാര്യത്തിനു വേണ്ടി' എന്ന ധ്വനി ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിന് പോകുന്നതിനും ദീന്‍ കാര്യങ്ങളില്‍ അവഗാഹം നേടാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിനുമാണ് ഖുര്‍ആനില്‍ ഈ പദം വന്നിട്ടുള്ളത്. ദൈവമാര്‍ഗത്തിലെ സമരം നിര്‍ബന്ധമായതുപോലെ ദീനില്‍ അവഗാഹം നേടലും നിര്‍ബന്ധമായ കാര്യമാണെന്നര്‍ഥം.

അന്ത്യനാള്‍ വരെയും ഈ ലോകത്ത് ദീന്‍ നിലനില്‍ക്കണമെങ്കില്‍ മുജാഹിദുകളും ഫഖീഹുകളും (ദീനില്‍ അവഗാഹം നേടിയവര്‍) ഇവിടെ ഉണ്ടാവണം. ഈ രണ്ട് കാര്യങ്ങള്‍ക്കും അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന് നിരവധി ആയത്തുകളിലൂടെയും ഹദീസുകളിലൂടെയും സ്ഥിരപ്പെട്ടതാണ്.

എന്താണ് ഫിഖ്ഹ്, ആരാണ് ഫഖീഹ്? ഫഖിഹ എന്നാല്‍ ശരിയായ രീതിയില്‍ ഗ്രഹിക്കുക എന്നര്‍ഥം. അറബി നിര്‍വചനം ഇപ്രകാരം: അല്‍ ഫിഖ്ഹ്: അല്‍ ഇല്‍മു ബിശ്ശൈഇ വഫഹ്മുഹു; ഫഹ്മന്‍ ഹഖീഖന്‍ മുസ്തൗഇബന്‍ (ഒരു കാര്യം ഗ്രഹിക്കുക, അതിനെ അഗാധമായും സമഗ്രമായും ശരിയായും ഗ്രഹിക്കുക). ഫഹ്‌ലുന്‍ ഫഖീഹ് എന്നാല്‍ നല്ല ഗ്രാഹ്യമുള്ള ഒട്ടകക്കൂറ്റന്‍ എന്നര്‍ഥം. ഈ ഒട്ടകക്കൂറ്റന്  ഇണചേരണമെന്ന് തോന്നുമ്പോള്‍ ഒരു പെണ്ണൊട്ടകത്തെ സമീപിക്കുന്നു. അവള്‍ ഗര്‍ഭിണിയാണെങ്കില്‍ ഈ ആണൊട്ടകത്തിന്റെ മുഖത്തേക്ക് മൂത്രമൊഴിക്കും, അല്ലെങ്കില്‍ അവളുടെ പിന്‍ഭാഗത്ത് ഒരു പ്രത്യേക ഗന്ധമുണ്ടായിരിക്കും. ഇതില്‍നിന്ന്  പെണ്ണൊട്ടകം ഗര്‍ഭിണിയാണെന്നും ഇണചേരുന്നതില്‍ അവള്‍ക്ക് താല്‍പര്യമില്ലെന്നും മനസ്സിലാക്കി ഈ ആണൊട്ടകം പിന്തിരിഞ്ഞുപോകും. ഇങ്ങനെയുള്ള ഒട്ടകത്തിനെയാണ് അറബികള്‍ 'ഫഹ്‌ലുന്‍ ഫഖീഹ്' എന്നു വിളിക്കുന്നത്. നല്ല ഗ്രാഹ്യമുള്ളത് എന്നര്‍ഥം. ഒരു കാര്യത്തിന്റെ ആന്തരികയാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരുക എന്നതാണീ പദത്തിന്റെ കേന്ദ്രാശയം.

ഇമാം റാഗിബുല്‍ ഇസ്ഫഹാനിയും സമാനാര്‍ഥം തന്നെ പറയുന്നു. ഫിഖ്ഹ് എന്നാല്‍ പ്രത്യക്ഷമായ അറിവുകൊണ്ട് പരോക്ഷമായ അറിവിലേക്കെത്തിച്ചേരലാണ് (മുഫ്‌റദാത്തു റാഗിബ്, പേജ് 642, ദാറുല്‍ ഖലം പതിപ്പ്). ഈ ഭാഷാ വിശകലനത്തില്‍നിന്ന് ഫിഖ്ഹ് എന്താണെന്ന് വ്യക്തമായി. ഈ ഫിഖ്ഹ് ഉള്ളയാളാണ് ഫഖീഹ്. അതായത് ഒരു കാര്യത്തിന്റെ ബാഹ്യമായ അടയാളങ്ങളില്‍നിന്നും തെളിവുകളില്‍നിന്നും അതിന്റെ ആന്തരിക യാഥാര്‍ഥ്യം കണ്ടെത്തുന്ന സൂക്ഷ്മഗ്രാഹിയായ പണ്ഡിതനാണ് ഫഖീഹ്. തഫഖുഹു ഫിദ്ദീന്‍ എന്നാല്‍ ദീനീ വിഷയങ്ങളെ പടിപടിയായി ശരിയാംവണ്ണം ഗ്രഹിക്കുകയും അതില്‍ അവഗാഹം (സ്‌പെഷ്യലൈസ്) നേടുകയും ചെയ്യലാണെന്ന് ഇമാം റാഗിബ്. പടിപടിയായി അവഗാഹം നേടുക എന്ന ധ്വനി 'തഫഖഹ' എന്ന പ്രയോഗത്തില്‍ തന്നെയുണ്ട്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും അവഗാഹം നേടി അവ മുസ്‌ലിം ഉമ്മത്തിന് പകര്‍ന്നുകൊടുത്ത് അവരെ കാലത്തിനും ലോകത്തിനും മുന്നില്‍ നടത്താന്‍ പ്രാപ്തരാക്കുന്നവനാണ് ഫഖീഹ്. ഇത് ചിന്താപരവും ബുദ്ധിപരവും വൈജ്ഞാനികവുമായ ജിഹാദാണ്. ഒട്ടകക്കൂട്ടത്തില്‍ ഏറ്റവും ഭംഗിയും ആരോഗ്യവുമുള്ള പെണ്ണൊട്ടകത്തെ കണ്ടെത്തി അവളില്‍ തന്റെ ലക്ഷണയുക്തമായ സന്താനത്തെ ജനിപ്പിക്കാന്‍ കഴിവുള്ള ഒട്ടകക്കൂറ്റനാണ് ഫഹ്‌ലുന്‍ ഫഖീഹ് എന്ന് മറ്റൊരു ഭാഷാ വിശകലനവുമുണ്ട്. ഇതു പ്രകാരം, തന്റെ കാലത്ത് ഇസ്‌ലാമും മുസ്‌ലിംകളും അഭിമുഖീകരിക്കുന്ന  മര്‍മപ്രധാനമായ പ്രശ്‌നം ഏതാണെന്ന് തിരിച്ചറിയുകയും അതിന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും യുക്തമായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നവനായിരിക്കും ഫഖീഹ്. അല്ലാതെ, ഏതെങ്കിലും മദ്ഹബില്‍ ഏതോ കാലത്ത് എഴുതപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉരുവിട്ടു പഠിക്കുകയും അത് അതേപടി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നവനല്ല ഫഖീഹ്.

ഫിഖ്ഹിന് ഭാഷയില്‍ കര്‍മശാസ്ത്രമെന്ന് അര്‍ഥമില്ല. അത് പില്‍ക്കാലത്തെപ്പോഴോ വന്നുചേര്‍ന്നതാണ്. ഫിഖ്ഹ് അതിന്റെ വിവിധ രൂപങ്ങളില്‍ ഇരുപതു തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. പത്തു തവണ മക്കീ സൂറകളിലും പത്തു തവണ മദനീ സൂറകളിലും. ഈ ഇരുപതു പ്രാവശ്യവും ശരീഅത്തിലെ കര്‍മശാസ്ത്ര വിധികള്‍ എന്ന അര്‍ഥത്തിലോ അതിലേക്ക് സൂചന നല്‍കുന്ന അര്‍ഥത്തിലോ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. ഇരുപതില്‍ പകുതിയും മക്കീ സൂറകളിലാണല്ലോ. കര്‍മശാസ്ത്രവിധികള്‍ പ്രതിപാദിക്കുന്ന ആയത്തുകള്‍ മക്കീ കാലഘട്ടത്തിലല്ലല്ലോ അവതരിച്ചത്. മദനീ സൂറകളിലാവട്ടെ കര്‍മശാസ്ത്രസംബന്ധിയായ ആയത്തുകള്‍ പറയുന്നേടത്തുമല്ല ഫിഖ്ഹിന്റെ വിവിധ രൂപങ്ങള്‍ വന്നിട്ടുള്ളത്. ഖുര്‍ആനിലെ 6236 ആയത്തുകളില്‍ നൂറ്റിഅമ്പതോളം മാത്രമാണ് കര്‍മശാസ്ത്രവിധികള്‍ പറയുന്ന ആയത്തുകള്‍. ധാരാളം ആയത്തുകള്‍ വന്നിട്ടുള്ളത് അല്ലാഹുവിന്റെ ഏകത്വത്തെ പറ്റിയും അവന്റെ വിശേഷണങ്ങളെ പറ്റിയുമാണ്. അതിന് തെളിവായിട്ടാണ് പ്രപഞ്ചത്തിലും മനുഷ്യനിലുമുള്ള ദൃഷ്ടാന്തങ്ങളെ പ്രതിപാദിക്കുന്നത്. ഇത് 750-ഓളം ആയത്തുകളുണ്ട്, കര്‍മശാസ്ത്രവിധികള്‍ പറയുന്നതിന്റെ അഞ്ചിരട്ടി.

പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത വിശ്വാസകാര്യങ്ങളും അതിനനുസൃതമായ കര്‍മങ്ങളും ജനം സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിലും മനുഷ്യസമൂഹത്തിലും ചരിത്രത്തിലും അല്ലാഹു അനുവര്‍ത്തിച്ചുവരുന്ന മാറ്റമില്ലാത്ത നടപടിക്രമങ്ങളെ സുന്നത്തുല്ലാഹ് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.

അല്ലാഹു കഥകള്‍ പറഞ്ഞുതരുന്നതിന്റെ മുഖ്യ ഉദ്ദേശ്യം അതാണ് (അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമങ്ങളെ സുന്നത്തുല്ലാഹി ഫില്‍ കൗന്‍, തഖ്ദീര്‍, ഖദ്ര്‍, മിഖ്ദാര്‍ എന്നീ സംജ്ഞകളിലാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്). ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഖുര്‍ആന്‍ ഈ പദം ധാരാളമായി പ്രയോഗിക്കുന്നത്. 

ഉദാ: ഖൗമുന്‍ ലാ യഫ്ഖഹൂന്‍ (ഗ്രാഹ്യമില്ലാത്ത ജനത), ലിഖൗമിന്‍ യഫ്ഖഹൂന്‍ (യാഥാര്‍ഥ്യം ഗ്രഹിക്കുന്ന ജനങ്ങള്‍ക്ക്), ലഅല്ലഹും യഫ്ഖഹൂന്‍ (ഇതിന്റെയെല്ലാം പൊരുള്‍ ഗ്രഹിച്ചറിയുന്ന ജനങ്ങള്‍ക്കു വേണ്ടി). മുസ്‌ലിം സമൂഹം വളരെ പ്രാധാന്യപൂര്‍വം പഠിച്ചു മനസ്സിലാക്കേണ്ട ഒന്നാണ്, അല്ലാഹുവിന്റെ നടപടിക്രമത്തെ(സുനനുല്ലാഹ്)ക്കുറിച്ച ഫിഖ്ഹ്. അറബിയിലുള്ള ചില നബിചരിത്ര ഗ്രന്ഥങ്ങളുടെ പേര് ഫിഖ്ഹുസ്സീറ എന്നാണ്, അഥവാ നബിചരിത്രത്തെ ശരിയായി ഗ്രഹിക്കാന്‍ കഴിയുന്ന പഠനമെന്നര്‍ഥം. അല്ലാതെ നബിചരിത്രത്തിന്റെ കര്‍മശാസ്ത്രം എന്നല്ല. കര്‍മശാസ്ത്രത്തിന്റെ പ്രാധാന്യവും ഗൗരവവും ഒട്ടും കുറച്ചുകാണുകയല്ല, അതില്ലാതെ ഇസ്‌ലാമിക ജീവിതം തന്നെ സാധ്യമല്ലല്ലോ.

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top