അന്ധതയില്‍ നിന്നും ഖുര്‍ആന്റെ പ്രകാശത്തിലേക്ക്

അന്ധതയും കാഴ്ച്ചശക്തി നഷ്ടപ്പെടുന്നതും അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണമാണ്. പൊതുവെ കാഴ്ച്ചയുള്ളവരേക്കാള്‍ ഉള്‍ക്കാഴ്ച്ചയും ബുദ്ധികൂര്‍മതയും അവരില്‍ കാണാറുണ്ട്. അല്ലാഹുവിന്റെ മഹത്തായ യുക്തിയുടെ ഭാഗമാണത്. അതോടൊപ്പം തന്നെ പാപമോചനത്തിനും സ്വര്‍ഗം നേടുന്നതിനുമുള്ള മാര്‍ഗം കൂടിയാണ് അവര്‍ക്കത്. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: പ്രവാചകന്‍(സ) പറഞ്ഞു: നിങ്ങളുടെ റബ്ബ് പറഞ്ഞു: ”ഒരു അടിമയുടെ കണ്ണുകള്‍ ഞാനെടുത്തിട്ട് അവന്‍ പ്രതിഫലം കാംക്ഷിച്ച് അതില്‍ ക്ഷമയവലംബിച്ചാല്‍ അവനുള്ള പ്രതിഫലം സ്വര്‍ഗമാണ്.” സമാനമായ വേറെയും നിരവധി ഹദീഥുകള്‍ കാണാം.(1)

സമൂഹത്തെ സേവിക്കുന്നതിലും ഇസ്‌ലാമിക ഗ്രന്ഥശാലകള്‍ സമ്പന്നമാക്കുന്നതിലും അന്ധന്‍മാര്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാണാം. വൈജ്ഞാനികം, നീതിന്യായം, സാഹിത്യം, കവിത, കര്‍മശാസ്ത്രം, ഫത്‌വ തുടങ്ങിയ മേഖലകളിലെല്ലാം സുപ്രധാന പങ്കുവഹിച്ചവര്‍ അക്കൂട്ടത്തിലുണ്ട്. ഇസ്‌ലാം അതിന് വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് കാണാം. വൈജ്ഞാനിക രംഗത്ത് സുപ്രധാന പങ്കുവഹിച്ച അന്ധരായ പലരെയും ചരിത്രത്തിന്റെ ഏടുകളില്‍ നമുക്ക് കാണാം. നബി(സ) മദീന വിട്ട് പോയിരുന്ന സന്ദര്‍ഭത്തില്‍ അന്ധനായ അബ്ദുല്ലാഹ് ബിന്‍ ഉമ്മി മക്തൂമിനെയായിരുന്നു തന്റെ പ്രതിനിധിയായി അവിടെ നിശ്ചയിച്ചിരുന്നത്. മദീനക്കെതിരെ യുദ്ധമുണ്ടായപ്പോള്‍ 13 തവണ ഇത്തരത്തില്‍ അദ്ദേഹത്തെ പ്രതിനിധിയാക്കിയിട്ടുണ്ട്.

യഥാര്‍ഥ അന്ധത
ഖുര്‍ആന്റെ വീക്ഷണത്തില്‍ കാഴ്ച്ചശക്തിയില്ലാതിരിക്കലല്ല അന്ധത. ഉള്‍ക്കാഴ്ച്ചയുടെ അഭാവമാണത്. കണ്ണ് നഷ്ടപ്പെട്ടെങ്കില്‍ ഖുര്‍ആന്റെ പ്രകാശവും അതിലൂടെയുള്ള ഉള്‍ക്കാഴ്ച്ചയുമുണ്ടെങ്കില്‍ അവന്‍ അന്ധനല്ല. അപ്രകാരം നല്ല ആരോഗ്യമുള്ള കണ്ണുകളുണ്ടെങ്കിലും ഖുര്‍ആന്റെ പ്രകാശം ലഭിച്ചിട്ടില്ലെങ്കില്‍ അന്ധനാണവന്‍. അല്ലാഹു പറയുന്നു: ”ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍, കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.” (അല്‍ഹജ്ജ്: 46) യഥാര്‍ഥ അന്ധത ഹൃദയത്തെ ബാധിക്കുന്നതാണെന്ന് ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍ പറയുന്നു. സമാനമായ രീതിയില്‍ തന്നെയാണ് ഇമാം ഖുര്‍തുബിയും അത് വിശദീകരിച്ചിക്കുന്നത്.

ഇഹലോകത്ത് ഹൃദയത്തിന് അന്ധത ബാധിച്ചവര്‍ക്ക് പരലോകത്ത് നരകമാണെന്ന് അല്ലാഹു പറയുന്നു: ”ഈ ലോകത്ത് അന്ധനായി കഴിയുന്നവനാരോ അവന്‍ പരലോകത്തും അന്ധനായിത്തന്നെയിരിക്കും; എന്നല്ല, സന്മാര്‍ഗം പ്രാപിക്കുന്നതില്‍ അന്ധനെക്കാള്‍ പരാജിതനായിരിക്കും.” (അല്‍ഇസ്‌റാഅ്: 72)
മറ്റൊരിടത്ത് പറയുന്നു: ”എന്റെ ഉദ്‌ബോധനത്തില്‍നിന്ന് മുഖം തിരിക്കുന്നവനോ, അവന്ന് ഈ ലോകത്ത് കുടുസ്സായ ജീവിതമാണുള്ളത്. പുനരുത്ഥാനനാളിലോ, നാം അവനെ അന്ധനായി എഴുന്നേല്‍പിക്കും. അപ്പോള്‍ അവന്‍ ചോദിക്കും: ‘നാഥാ, നീ എന്നെ അന്ധനായി എഴുന്നേല്‍പിച്ചതെന്ത്? ഭൂമിയില്‍ ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ.’ അല്ലാഹു അരുള്‍ചെയ്യും: ‘ശരിയാണ്, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിന്റെയടുക്കല്‍ വന്നപ്പോള്‍ നീ അവയെ വിസ്മരിച്ചല്ലോ. അതേവിധം ഇന്നു നീയും വിസ്മരിക്കപ്പെടുകയാകുന്നു.” (ത്വാഹാ: 124-126)

ഖുര്‍ആന്റെ പ്രകാശം സ്വീകരിക്കുകയോ അതുപയോഗപ്പെടുത്തി നേര്‍മാര്‍ഗം കണ്ടെത്തുകയോ ചെയ്യാത്തവനാണ് അന്ധനെന്ന് ഖുര്‍ആന്‍ പറയുന്നു: ”നിന്റെ റബ്ബ് അവതരിപ്പിച്ചുതന്നിട്ടുള്ള ഈ വേദം സത്യമെന്നറിയുന്നവനും, ആ യാഥാര്‍ഥ്യത്തിനു നേരെ അന്ധനായവനും ഒരുപോലെയാകുമെന്നോ? ബുദ്ധിയുളളവര്‍ മാത്രമേ ഉദ്‌ബോധനം ഉള്‍ക്കൊള്ളുകയുള്ളൂ.” (അര്‍റഅ്ദ്: 19) വഴികേടും നേര്‍മാര്‍ഗത്തില്‍ നിന്ന് അകന്നു പോകലും ദൈവനിഷേധത്തിലും ദൈവത്തില്‍ പങ്കുചേര്‍ക്കലുമാണ് ഖുര്‍ആനിക കാഴ്ച്ചപ്പാടനുസരിച്ചുള്ള യഥാര്‍ഥ അന്ധത. അല്ലാഹു പറയുന്നു: ”എന്നാല്‍, സമൂദിന്റെ സ്ഥിതിയോ, അവര്‍ക്ക് നാം സന്മാര്‍ഗം കാണിച്ചുകൊടുത്തതായിരുന്നു; പക്ഷേ, സന്മാര്‍ഗം കാണുന്നതിനു പകരം അന്ധരായിരിക്കാനാണവരിഷ്ടപ്പെട്ടത്. ഒടുവില്‍ സ്വന്തം ദുഷ്‌ചെയ്തികളുടെ ഫലമായി, അവരുടെ മേല്‍ നികൃഷ്ടമായ ശിക്ഷ വന്നുപതിച്ചു.” (ഫുസ്സിലത്ത്: 17)

അതുകൊണ്ടു തന്നെ അന്ധരായ മുസ്‌ലിംകള്‍ നിരാശരായില്ല. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് ഖുര്‍ആന്റെ പ്രകാശത്തില്‍ അവര്‍ ജീവിച്ചു. അതിന്റെ തണലില്‍ ജീവിച്ച അവര്‍ വൈജ്ഞാനിക രംഗത്തും കര്‍മരംഗത്തും മുന്‍പന്തിയില്‍ നിന്നു. സമൂഹത്തിന് ഉപകാരപ്പെട്ടവരായിരുന്നു അവര്‍. കാഴ്ച്ചശക്തി നഷ്ടപ്പെട്ട സ്വഹാബിമാരില്‍ ചിലരാണ് ബര്‍റാഅ് ബിന്‍ ആസിബ്, ജാബില്‍ ബിന്‍ അബ്ദുല്ല, കഅ്ബ് ബിന്‍ മാലിക് അല്‍അന്‍സാരി, ഹസ്സാന്‍ ബിന്‍ ഥാബിത്, അഖീല്‍ ബിന്‍ അബീ ത്വാലിബ്, ഇബ്‌നു അബ്ബാസ്, അദ്ദേഹത്തിന്റെ പിതാവ് അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ്, സഅ്ദ് ബിന്‍ അബീ വഖാസ് തുടങ്ങിയവര്‍. എന്നാല്‍ ഖുര്‍ആനിലുള്ള വിശ്വാസവും അത് പകര്‍ന്നു നല്‍കിയ പ്രകാശവും കാരണം നല്ല മനസ്സിന്റെ ഉടമകളായിട്ടാണവര്‍ ജീവിച്ചത്.

കാഴ്ച്ചയില്ലാത്തവര്‍ ഖുര്‍ആന്റെ പ്രകാശം സ്വീകരിക്കുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ വലിയ സാധ്യതകളത് തുറക്കുന്നുണ്ട്. സമൂഹത്തിലെ കര്‍മനിരതരായ അംഗങ്ങളാക്കി അവരെ മാറ്റുന്നതിന് അവരുടെ അവകാശങ്ങള്‍ ഇസ്‌ലാമിക സമൂഹങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ചെറുപ്പത്തില്‍ തന്നെ അറിവ് നേടുന്നതിനും ഖുര്‍ആന്‍ പഠിക്കുന്നതിനുമുള്ള അവസരം അവര്‍ക്കൊരുക്കി കൊടുക്കേണ്ടതുണ്ട്. ബുദ്ധിയുടെയും കഴിവിന്റെയും കാര്യത്തില്‍ അവര്‍ മറ്റുള്ളവരേക്കാള്‍ ഒട്ടും പിന്നിലല്ല. എന്ന് മാത്രമല്ല, പലപ്പോഴും മറ്റുള്ളവരേക്കാള്‍ മുന്നിലാണ് താനും. അവരില്‍ നിന്നും ജഡ്ജിമാരും പ്രാസംഗികരും കവികളും ഭാഷാപണ്ഡിതന്‍മാരും ഉണ്ടായിട്ടുണ്ട്. ഇന്നും സമൂഹത്തിലെ പല മേഖലകളിലും കാഴ്ച്ചയില്ലാത്തവര്‍ സേവനം ചെയ്യുന്നതിന്റെ എത്രയോ മാതൃകളുണ്ട്.

സംഗ്രഹം: നസീഫ്‌

…………………….

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top