ഇസ്ലാമിലെ സ്ത്രീ – ശ്രേഷ്ഠത

ഇസ്ലാം സ്ത്രീക്ക് വളരെയധികം ആദരവും അവകാശങ്ങളും നല്‍കി അവള്‍ക്കു വേണ്ട എല്ലാ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നു. സ്ത്രീയുടെ ഏതവസ്ഥയിലും, മകളാകട്ടെ, ഭാര്യയാകട്ടെ, ഉമ്മയാകട്ടെ, വാര്‍ദ്ധക്യത്തിലാകട്ടെ അവള്‍ സംരക്ഷിക്കപ്പെടേണ്ടവളാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വിശുദ്ധ ഖുര്‍ആനില്‍ സ്ത്രീയുടെ ഈ അവസ്ഥകളിലെല്ലാം അവളെ ആരൊക്കെയാണ് സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ എന്നതിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇസ്ലാം സ്ത്രീക്ക് സ്ഥാനവും മാനവും, സ്വാതന്ത്ര്യവും നല്‍കിയത് പോലെ മറ്റൊരു ദര്‍ശനവും സ്ത്രീയെ ആദരിച്ചതായി നമുക്ക് കാണാന്‍ കഴിയില്ല.    അല്ലാഹു തന്റെ പ്രവാചകനിലൂടെ ലോകത്തിനു നല്‍കിയ നിയമ നിര്‍ദേശങ്ങളിലെല്ലാം സ്ത്രീയുടെ സ്ഥാനത്തെയും അവരെ ആദരിക്കേണ്ടുന്നതിനെ കുറിച്ചും പഠിപ്പിക്കുന്നുണ്ട്. സ്ത്രീ എല്ലാ   നിലക്കും പീഡനങ്ങള്‍ അനുഭവിക്കുന്ന ജാഹിലിയ്യ സമൂഹത്തിലേക്ക് പ്രബോധന ദൌത്യവുമായി എത്തിയ  പ്രവാചകന്‍ സ്ത്രീയുടെ ശ്രേഷ്ഠതയെക്കുറിച്ച റബ്ബിന്റെ വചനം അവരെ കേള്‍പ്പിക്കുകയാണ്: “ഹേ, മനുഷ്യരേ തീര്‍ച്ചയായും നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു.  നിങ്ങളന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു”. (സൂറ: ഹുജറാത്ത്     15 )

അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നത് ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് എന്ന് പറയുന്നതോടൊപ്പം ലിംഗവ്യത്യാസമോ കുലമഹിമയോ അല്ല, നേരെ മറിച്ച്‌ ഏറ്റവും സൂക്ഷ്മത പാലിച്ച് ജീവിക്കുക എന്നതാണ് അല്ലാഹുവിന്റെ പ്രതിഫലത്തിന് കാരണമാകുന്ന മാനദണ്ഡമെന്നുകൂടി ഇവിടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അപ്പോള്‍ പെണ്ണിനും അവളുടെ കര്‍മത്തിനനുസരിച്ച് ന്യായമായ പ്രതിഫലം ലഭിക്കുമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌.

എന്തിനേറെ വിശ്വാസികള്‍ക്കാകമാനം മാതൃകയായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്  രണ്ടു വനിതകളെയാണ് എന്നതു തന്നെ ഇസ്ലാമില്‍ സ്ത്രീക്ക് എത്രമാത്രം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കിത്തരുന്നത്‌. “സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി ഫിര്‍ഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു….”, തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇമ്രാന്റെ മകളായ മര്‍യമിനെയും   (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു )…”(തഹ് രീം   11 -12 )

അവകാശങ്ങള്‍ :

പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിച്ചിരുന്ന അവസ്ഥയില്‍ നിന്നും ഇസ്ലാം അവര്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്തത്. ഇസ്ലാം പെണ്‍കുട്ടികളെ നന്നായി വളര്‍ത്തുന്നവര്‍ക്ക് മഹത്തായ പ്രതിഫലമാണ് വാഗ്ദാനം ചെയ്യുന്നത്. അനസ്(റ) നിവേദനം ചെയ്ത ഹദീസില്‍ നബി (സ) പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “രണ്ടു പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയെത്തുന്നത് വരെ വളരെ നല്ല രീതിയില്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തവനും ഞാനും അന്ത്യനാളില്‍ ഇത് പോലെയായിരിക്കും, ഇങ്ങനെ പറഞ്ഞു നബി(സ) തന്റെ വിരലുകള്‍ ചേര്‍ത്ത് പിടിച്ചു.

ജാഹിലിയ്യ കാലത്ത് പെണ്‍കുട്ടി ജനിച്ചാല്‍ അതിനെ ജീവനോടെ കുഴിച്ചു മൂടുകയെന്ന പൈശാചികമായ പ്രവര്‍ത്തനം ചെയ്തവര്‍ക്ക് അന്ത്യനാളില്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും, ആ ശിക്ഷ നടപ്പാക്കുന്നതാകട്ടെ അത്തരത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെ സാക്ഷി നിര്‍ത്തിക്കൊണ്ടായിരിക്കുമെന്നും നബി(സ) ആ സമൂഹത്തെ താക്കീത് ചെയ്യുകയാണ്. സൂറ: തക് വീറിലെ “താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കപ്പെടുമ്പോള്‍” എന്ന വചനത്തിലൂടെ ഈ കാര്യമാണ് നമ്മുക്ക് അല്ലാഹു പറഞ്ഞു തരുന്നത്.

വൈവാഹികരംഗത്തെ അവകാശങ്ങള്‍:

ജീവിതാവസാനം വരെ നില നില്‍ക്കേണ്ട സുദൃഡവും ബലവത്തായതുമായ ബന്ധമായിട്ടാണ് വിവാഹത്തെ ഇസ്ലാം കാണുന്നത്. അത് കൊണ്ട്തന്നെ ഇസ്ലാം ഈ രംഗത്ത് പുരുഷനെപ്പോലെ തന്നെ സ്ത്രീക്കും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കുന്നു. സ്ത്രീയുടെ ഇഷ്ടത്തിനോ അഭിപ്രായത്തിനോ തീരെ വില കല്‍പ്പിക്കാതെ അവളുടെ സംരക്ഷകര്‍ അടിച്ചേല്‍പ്പിക്കുന്ന വിവാഹ ജീവിതത്തിനു നിര്‍ബന്ധിക്കപ്പെടുന്ന വിവാഹ രീതികള്‍ നിലനില്‍ക്കുന്ന സമുദായങ്ങള്‍ ഇന്നും നമ്മുക്കിടയിലുണ്ട്. എന്നാല്‍ ഇസ്ലാം സ്ത്രീക്ക് തന്റെ ഇണയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം നല്‍കുകയാണ് ചെയ്തത്. നബി(സ) പറഞ്ഞു: “വിധവയോട് അനുവാദം ചോദിക്കാടെ അവളെ വിവാഹം ചെയ്തു കൊടുക്കരുത്. കന്യകയോട്‌ സംമ്മദം ആവശ്യ പ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. മൌനമാണ് കന്യകയുടെ സമ്മതം” (ബുഖാരി, മുസ്ലിം).  തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള അവകാശം സ്ത്രീക്ക് ഇസ്ലാം നല്‍കുന്നു. അവളുടെ പൂര്‍ണ സമ്മതത്തോടെയല്ലാതെ വിവാഹം അടിച്ചേല്‍പ്പിക്കുന്ന രീതി ഇസ്ലാമികാധ്യാപനതിനു തീര്‍ത്തും എതിരാണ്. വിവാഹ മൂല്യം ലഭിക്കാനുള്ള അവകാശം സ്ത്രീക്ക് ഇസ്ലാം വകവെച്ചു കൊടുക്കുന്നു. അതോടൊപ്പം തന്നെ സ്ത്രീയില്‍ നിന്നും വിവാഹത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും സാമ്പത്തിക ലാഭം പുരുഷന്‍ പ്രതീക്ഷിക്കുന്നത് ഹറാമിന്റെ പരിധിയിലാണ് ഇസ്ലാം കാണുന്നത്. പുരുഷന് വിവാഹ മോചനം ചെയ്യാന്‍ ഇസ്ലാം അവകാശം നല്‍കിയത് പോലെ തന്നെ തനിക്കിഷ്ടമില്ലാത്ത വിവാഹ ജീവിതത്തില്‍ നിന്നും സ്വയം പിന്മാറാനും മോചിതയാവാനും ഇസ്ലാം സ്ത്രീക്ക് അവകാശം നല്‍കുന്നു. മറ്റേതൊരു ദര്‍ശനങ്ങളിലും ഈ അവകാശം വകവെച്ച് കൊടുത്തതായി നമുക്ക്  കാണാന്‍ കഴിയില്ല. നേരെ മറിച്ച്‌ ഏകപക്ഷീയമായ പുരുഷ മേധാവിത്വമാണ് ഈ രംഗത്ത്‌ മറ്റുള്ള സമുദായങ്ങളില്‍ കാണാന്‍ കഴിയുന്നത്‌.

പഠിക്കുവാനും ചിന്തിക്കുവനുമുള്ള അവകാശം:

പുരുഷന്മാരെപ്പോലെത്തന്നെ   സ്ത്രീക്കും വിജ്ഞാനം കരസ്ഥമാക്കാനുള്ള അവകാശവും പ്രോത്സാഹനവും വളരെയധികം നല്‍കുന്ന മതമാണ്‌ ഇസ്ലാം. ഭര്‍ത്താവിന്റെ വീടിന്റെയും സന്തതികളുടെയും ഭരണാധിപയാണ്  സ്ത്രീ എന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുമ്പോള്‍ ത്തന്നെ സന്തുഷ്ടമായ ഒരു മുസ്ലിം കുടുംബം കെട്ടിപ്പടുക്കാന്‍ ആ ഭരണാധികാരി ഇതെല്ലാം തരത്തിലുള്ള അറിവുകള്‍ കരസ്ഥമാക്കിയിരിക്കണമെന്നതും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ഉമ്മഹാതുല്‍ മുഅമിനീങ്ങളായ പ്രവാചക പത്നി മാരുടെ അടുക്കല്‍ വിജ്ഞാന സമ്പാദനത്തിനായി വനിതകള്‍ സദാ എത്താറുണ്ടായിരുന്നുവെന്നു ചരിത്രത്തില്‍ കാണാന്‍ കഴിയും.

വിമര്‍ശിക്കുവനുള്ള അവകാശം:

സ്ത്രീക്ക് ഇസ്ലാം പുരുഷന്മാരെപ്പോലെത്തന്നെ ആരാധനകള്‍ നിര്‍വഹിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നല്‍കുന്നു. മറ്റു മതദര്‍ശനങ്ങളില്‍ സ്ത്രീയെ ഈ രംഗത്ത്  വളരെ താഴ്ത്തി കെട്ടിയ അവസ്ഥയിലാണ് കാണാന്‍ കഴിയുക. അവര്‍ എത്രതന്നെ ആരാധനകള്‍ ചെയ്താലും സ്ത്രീ ആയതുകൊണ്ട് അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ വിവേചനം കാണിക്കുന്ന രീതിയിലാണ്‌ ആ ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്‌. എന്നാല്‍ ഇസ്ലാം പഠിപ്പിക്കുന്നത്‌ ആണായാലും പെണ്ണായാലും അവരുടെ കര്‍മങ്ങള്‍ക്കനുസരിച്ച കൃത്യമായ പ്രതിഫലം നാളെ പരലോകത്തുവെച്ചു ലഭിക്കുമെന്നാണ്. ഇതില്‍ യാതൊരു അനീതിയോ ആണ്‍പെണ്‍  വിവേചനമോ ഉണ്ടായിരിക്കില്ലെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്.

സൂറത്തു അഹ്സാബിലെ 35-ആം വചനത്തിലൂടെ ഈ കാര്യം വളരെ വിശദമായിതന്നെ അല്ലാഹു നമുക്കു പറഞ്ഞുതരുന്നു. അവിടെ, ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ്  അല്ലാഹുവിന്റെ പ്രതിഫലം മനുഷ്യര്‍ക്ക്‌ ലഭിക്കുക എന്ന് വിശദീകരിക്കുമ്പോള്‍ ആ കര്‍മം ചെയ്യുന്ന പ്രുഷനെയും സ്ത്രീയെയും ഒരു പോലെ എന്നിക്കൊണ്ടാണ് അല്ലാഹു പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്.

സ്ത്രീയെ ആരാധനാലായങ്ങളുടെ അയലത്ത് പോലും കാണാന്‍പാടില്ലെന്ന നിയമം നിലനില്‍ക്കുന്ന മത സമൂഹങ്ങളുള്ള ഈ ലോകത്തില്‍ സ്ത്രീക്ക് അല്ലാഹുവിന്റെ ഭവനങ്ങളില്‍ കയറി പ്രാര്‍ത്ഥിക്കുവാനും വിശുദ്ധ റമദാനില്‍ ഇഅത്തികാഫിനു വരെയും അവകാശവും സ്വാതന്ത്ര്യവും നല്‍കിയ മതമാണ് ഇസ്ലാം.

സ്തീക്കു നല്‍കുന്ന അംഗീകാരം:

സ്ത്രീകളുമായി ഏറ്റവും ഉത്തമമായ നിലയിലേ പെരുമാറാവൂ എന്ന് ഉപദേശിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്നു ഇസ്ലാം. മറ്റേതൊരു ദര്‍ശനങ്ങളിലോ പ്രത്യയശാസ്ത്രങ്ങളിലോ എന്തിനേറെ  സ്ത്രീകള്‍ക്കു വേണ്ടി എന്ന് പറഞ്ഞു കൊണ്ട് രൂപം കൊള്ളുന്ന കാലിക സമൂഹത്തിലെ സംഘടനകളിലോ സ്ത്രീക്ക് അവള്‍ ആഗ്രഹിക്കുന്ന അംഗീകാരമോ അവകാശങ്ങളോ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

പ്രവാചകന്റെ ചില വചനങ്ങളില്‍ നിന്നും സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഇസ്ലാം എത്ര മാത്രം പ്രാധാന്യം നല്‍കുന്നു എന്ന് മനസ്സിലാക്കാം. “സ്ത്രീകളുമായി ഏറ്റവും ഉത്തമമായ നിലയിലേ വര്‍ത്തിക്കാവൂ എന്ന എന്റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കണം. നിങ്ങളുടെ കരാറിന്റെ അടിസ്ഥാനത്തില്‍ നിങ്ങളോട് ബന്ധപ്പെട്ടു നില്‍ക്കുന്നവരാണവര്‍. മറ്റൊരു അധികാരവും നിങ്ങള്ക്ക് അവരുടെമേലില്ല. അവര്‍ വ്യക്തമായ വല്ല നീചവൃത്തികളിലും ഏര്‍പ്പെട്ടെങ്കിലല്ലാതെ. അങ്ങനെ വല്ലതും ചെയ്‌താല്‍ നിങ്ങള്‍ അവരില്‍ നിന്നും വിട്ടു മാറിക്കിടക്കുക. മുറിവുണ്ടാകാത്ത വിധം അവരെ പ്രഹരിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളെ അവര്‍ അനുസരിച്ച് കഴിഞ്ഞാല്‍ യാതൊരു അക്രമ മാര്‍ഗ്ഗവും അവർക്കെതിരില്‍ നിങ്ങള്‍ അന്വേഷിക്കരുത്. (തിര്‍മിദി).

അബൂഹുറയ്റ (റ) നിവേദനം: “നബി(സ) പറഞ്ഞു: വിശ്വാസികളില്‍ വിശ്വാസം പൂര്‍ത്തിയായവനും ഏറ്റവും സല്‍സ്വഭാവിയും നിങ്ങളില്‍  ഏറ്റവും ഉത്തമനും നിങ്ങളുടെ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ്.” (തിര്‍മിദി 1162).

നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്ത്രം ധരിക്കുന്നു വെങ്കില്‍ അവളെയും വസ്ത്രം ധരിപ്പിക്കുക. മുഖതടിക്കുകയോ വൈരൂപ്യം വരുത്തുകയോ ചെയ്യരുത്. വീട്ടില്‍ വച്ചല്ലാതെ പിണങ്ങി നില്‍ക്കുകയും ചെയ്യരുത്.” (അബൂ ദാവൂദ്)

ഇഹലോകം മുഴുവന്‍ വിഭവങ്ങളാണ്. ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവം നല്ല സ്ത്രീയത്രേ”. (മുസ്ലിം).  എന്നാല്‍ ആധുനിക സമൂഹത്തിലെ സ്ത്രീയുടെ സ്ഥിതി  മുന്‍പത്തേതില്‍ നിന്നും ഒരു പടി കൂടി മോശമായ നിലയിലാണ് കാണപ്പെടുന്നത്. പണ്ട് പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള അവകാശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഗര്‍ഭത്തില്‍ വച്ചേ കുട്ടി പെണ്ണാണെന്നറിഞ്ഞാല്‍ നശിപ്പിക്കപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. വിധവകളെ സംരക്ഷിക്കുന്ന കാര്യത്തിലും ഇസ്ലാം വളരെ പ്രാധാന്യം നല്‍കിയതായി നമുക്കു കാണാം. നബി (സ) പറയുന്നു: “വിധവകളെയും അഗതികളെയും സംരക്ഷിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവനെപ്പോലെയും, തളരാതെ നിരന്തരമായി നിന്ന് നമസ്കരിക്കുന്നവനെപ്പോലെയും, മുറിക്കാതെ നോമ്പനുഷ്ടിക്കുന്നവനെപ്പോലെയുമാണ്”. (ബുഖാരി 10 .366 , മുസ്ലിം 2982 )

സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശം:

സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധികാരിയായി കാണുന്ന ഇസ്ലാം അവള്‍ക്കു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശവും നല്‍കുന്നുണ്ട്. പുരുഷന്മാരോടൊപ്പം യുദ്ധത്തിന്നു പുറപ്പെടുകയും അവര്‍ക്ക് ഭക്ഷണം പാകം ചെയ്യുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സ്വഹാബീ വനിതകളുടെ ചരിത്രം നാം പഠിച്ചതാണ്. ഇസ്ലാമിക പ്രബോധനരംഗത്തുവരെ സ്ത്രീകളുടെ സാന്നിധ്യം പ്രോത്സാഹിപ്പിക്കപ്പെടുന്ന മതമാണ് ഇസ്ലാം.

മാതൃത്വത്തോടുള്ള സമീപനം:

സ്ത്രീയുടെ മാതാവ് എന്ന അവസ്ഥക്ക് ഇസ്ലാം നല്‍കുന്ന അംഗീകാരവും വ്യക്തിത്വവും അതിമഹത്തായതാണ്.  മാതാവ് എന്ന സ്ത്രീയുടെ കാൽചുവട്ടിലാണ് മക്കളുടെ സ്വർഗ്ഗം എന്ന വാഗ്ദാനം നൽകി അവളെ ഉന്നതയാക്കുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: “മനുഷ്യനോട് അവന്റെ മാതാപിതാക്കളെപ്പറ്റി നാം ‘വസിയ്യത്ത്‌’ നൽകിയിരിക്കുന്നു. അവന്റെ മാതാവ് ക്ഷീണത്തിനു മേൽ ക്ഷീണത്തോടെ അവനെ (ഗർഭം) ചുമന്നു. അവന്റെ (മുലകുടി അവസാനിപ്പിച്ചുള്ള) വേർപാടാകട്ടെ രണ്ടു വർഷം കൊണ്ടുമാണ്;  “എനിക്കും, നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യണം, എന്റെ അടുക്കലേക്കാണ് നിങ്ങളുടെ തിരിച്ചുവരവ്”. ഒരു നബി വചനം കൂടി ശ്രദ്ധിക്കുക:   ഒരിക്കൽ നബി(സ്വ)യുടെ അടുക്കൽ വന്നു ഒരാൾ ചോദിച്ചു ‘ഞാൻ നന്നായി സഹവസിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവർ ആരാണ്?’  “നിന്റെ ഉമ്മയോട്” എന്ന് നബി (സ്വ) ഉത്തരം നല്‍കി.  പിന്നീടാരാണെന്ന് രണ്ടു തവണ അയാൾ ആവർത്തിച്ചു ചോദിച്ചപ്പോഴും പ്രവാചകൻ ‘ഉമ്മയോട്’എന്ന മറുപടിയാണ് കൊടുത്തത്. നാലാമതും ചോദിച്ചപ്പോഴാണ് പിതാവിനോട് എന്ന മറുപടി പ്രവാചകൻ നൽകിയത്.

വസ്ത്രധാരണം നൽകുന്ന വ്യക്തിത്വം:

വസ്ത്രധാരണം രംഗത്ത് ഇസ്ലാം നിർദ്ദേശിക്കുന്നത് സ്ത്രീയുടെ മാന്യത ഏറ്റവും നന്നായി സംരക്ഷിക്കുന്നതും അവളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വിധത്തിലുമുള്ള വസ്ത്രധാരണാ രീതിയാണ്. വിവാഹം നിഷിദ്ധമല്ലാത്ത ഏതൊരാളുടെ മുമ്പിലും അവൾക്ക് പരിരക്ഷ നൽകുന്ന പർദ്ദാ സമ്പ്രദായമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാം കൽ‌പ്പിക്കുന്ന സ്ത്രീയുടെ ‘ഔറത്ത്’  ആയ മുഖവും മുൻകയ്യും ഒഴിച്ച് ബാക്കിയുള്ള ഭാഗം മുഴുവനും മറക്കുന്ന വസ്ത്രം. ഇസ്ലാമിലെ സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചും അത് സ്ത്രീക്ക് നല്‍കുന്ന വ്യക്തിത്വത്തെ കുറിച്ചും വളരെ വിശദമായി തന്നെ വിശുദ്ധ  ഖുർആനിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, (സൂ: അന്നൂർ ൬൦, അസ്ഹാബ് ൫൯). അന്യരുടെ മുമ്പിൽ കർശനമായി പാലിക്കേണ്ട ഈ വസ്ത്രധാരണാരീതിയെക്കുറിച്ചു മുന്നറിയിപ്പ് തരുമ്പോഴും സ്വന്തം ഭർത്താവിനു മുമ്പിൽ ഏതു വസ്ത്രം ധരിച്ചും അണിഞ്ഞൊരുങ്ങുന്നതിൽ യാതൊരു തെറ്റും ഇസ്ലാം ചൂണ്ടിക്കാട്ടുന്നില്ല. നേരെ മറിച്ച് അതിനു പ്രോത്സാഹനം നൽകുകയാണ് ഇസ്ലാം ചെയ്യുന്നത്. വീട്ടിനകത്തും   അവൾക്ക് വിവാഹം നിഷിദ്ധമായ പിതാവ്, സഹോദരന്മാർ തുടങ്ങിയവരുടെ മുമ്പിലും അവൾക്ക് ഹിജാബിന്റെ വസ്ത്രം ധരിക്കണമെന്നു ഇസ്ലാം നിർദ്ദേശിക്കുന്നില്ല. (സൂറ: അഹ്സാബിലെ ൫൩ വചനത്തിലൂടെയും അതിന്റെ വ്യഖ്യാനത്തിലൂടെയും ഈ കാര്യം വിശദമായി മനസ്സിലാക്കാൻ സാധിക്കും.

സ്വത്തിലുള്ള അവകാശം:

സ്വത്തിൽ സ്ത്രീക്ക് വിഹിതം ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും സ്ത്രീകൾക്ക് സ്വത്തവകാശം കല്പിക്കുകയാണ് ഇസ്ലാം ചെയ്തത്. സ്ത്രീ അവളുടെ ഭർത്താവിന്റെ വീട്ടിലെ ഭരണാധിപയാണെന്നു പറയുമ്പോഴും അവളിൽ സാമ്പത്തികമായ യാതൊരു നിലക്കുള്ള ബാധ്യതയും ഇസ്ലാം അടിച്ചേൽ‌പ്പിക്കുന്നില്ല. ജീവിതത്തിന്റെ ഏതവസ്ഥയിലും ഒരുതരത്തിലുമുള്ള സാമ്പത്തിക ബാധ്യത ഏൽ‌പ്പിക്കപ്പെടാത്ത സ്ത്രീക്ക് സ്വത്തവകാശത്തിനുള്ള കൃത്യമായ നിർദ്ദേശം നല്‍കിക്കൊണ്ട് അവളെ ആദരിക്കുകുയും ചെയ്യുന്നതിലൂടെ ഇസ്ലാം ചെയ്യുന്നത് അവരുടെ വ്യക്തിത്വത്തെ മാനിക്കലാണ്.  എന്നാൽ പുരുഷന്റെ പകുതിയേ സ്ത്രീക്ക് നൽകുന്നുള്ളൂ എന്ന് വിമർശിക്കുന്ന ഇസ്ലാം വിരോധികൾ ക്രൈസ്തവ സമുദായത്തിലും മറ്റും സ്ത്രീകൾക്ക് സ്വത്തിലവകാശം നൽകാത്ത സമ്പ്രദായത്തെ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്.  ഈ നിയമ നിർദ്ദേശങ്ങളിലൂടെയെല്ലാം ഈ ലോകത്ത് സ്ത്രീകളെ ആദരിക്കുകയും പരിഗണിക്കുകയും അതിലൂടെ അവരുടെ വ്യക്തിത്വത്തെ ഉയർത്തുകയുമാണ് ഇസ്ലാം ചെയ്യുന്നത്.

സ്ത്രീ പരലോകത്ത്:

പരലോകത്തും സ്ത്രീയെ അല്ലാഹു ഉന്നതയാക്കിയിരിക്കുന്നു എന്ന് വിശുദ്ധ ഖുർആനും നബിവചനവും നമ്മെ പഠിപ്പിക്കുന്നു. സ്വർഗത്തെ വിശുദ്ധ ഖുർആൻ സൌന്ദര്യാത്മകമായി ചിത്രീകരിക്കുന്നു. മനുഷ്യരിലാകട്ടെ സൌന്ദര്യത്തിന്റെ പ്രതീകം സ്ത്രീയുമാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുർആനിൽ സ്വർഗസ്ത്രീകളെകുറിച്ചു പ്രത്യേകമായി എടുത്തുപറയുന്നുമുണ്ട്. ഹൂർലീങ്ങളായ സ്ത്രീകളെ പുരുഷന്മാർക്ക് സ്വർഗത്തിൽ ലഭിക്കുമെന്ന് ഖുർആൻ പറയുമ്പോൾ അതിലൂടെ സ്ത്രീകളുടെ പദവി ഉയർത്തുകയാണ് ഇസ്ലാം ചെയ്യുന്നത്. അതല്ലാതെ വിമർശകർ ആരോപിക്കുംപോലെ സ്വർഗത്തിലും പുരുഷ മേധാവിത്വമാണ് ഇസ്ലാം പഠിപ്പിക്കുന്നത് എന്നല്ല. സ്വർഗത്തിൽ സ്ത്രീകൾക്ക് യാതൊരു അനീതിയും നേരിടേണ്ടി വരികയില്ലെന്നു ഇസ്ലാം പ്രഖ്യാപിക്കുന്നതോടൊപ്പം സ്ത്രീയുടെ മനസ്സ് എന്ത് കാംക്ഷിക്കുന്നുവോ അത് സ്വർഗത്തിൽ ഉണ്ടാകുമെന്നു കൂടി ഇസ്ലാം വാഗ്ദാനം ചെയ്യുന്നു.

സ്ത്രീ മാതൃകാ വനിത:

ഒരു യഥാർത്ഥ   സത്യവിശ്വാസിനിക്കേ ഒരു മാതൃകാ വനിതയാകാൻ കഴിയൂ എന്ന് തന്നെയാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ഇസ്ലാമികാധ്യാപനങ്ങൾ പാഠിപ്പിക്കുന്ന രീതിയിൽ സ്ത്രീ ജീവിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുംമ്പോഴുമാണ് സ്ത്രീകൾ മാതൃകാ വനിതകളാവുന്നത്. അവർക്ക് മാതൃകയാവേണ്ടത് ഉമ്മഹാതുൽ മുഅമിനീങ്ങളായ പ്രവാചക പത്നിമാരും ചരിത്രത്തിൽ ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്ന സ്വഹാബാ വനിതകളുമാണ്. തങ്ങളുടെ ഇണകളെക്കാളും മക്കളെക്കാളും സമ്പത്തിനെക്കാളും ഏറെ പ്രവാചകനെ ഇഷ്ടപ്പെട്ടവരായിരുന്നു അവർ. ഇതിൽനിന്നെല്ലാം പാഠം ഉൾക്കൊണ്ടുകൊണ്ട് തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതം ഇസ്ലാമികമായി ചിട്ടപ്പെടുത്തിക്കൊണ്ട് മുമ്പോട്ട്‌ പോകുമ്പോഴാണ് ഒരു സ്ത്രീ യഥാർത്ഥത്തിൽ മാതൃകയാവുന്നത്. ഇത്തരത്തിൽ  അവൾ തന്റെ മക്കൾക്ക്‌, അയൽക്കാർക്ക്, സമൂഹത്തിനു എല്ലാം മാതൃകയായി മാറുന്നു. അല്ലാഹുവിന്റെ നിയമങ്ങൾ ജീവിതത്തിൽ പാലിക്കുകയും പരലോകത്തെ ഭയപ്പെടുകയും വിശ്വാസിനിയായിക്കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സത്യാ വിശ്വാസിനിയായ ഒരു സ്ത്രീ ഏവർക്കും  മാതൃകയായി ത്തീരുമെന്നു തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്.(അസ്മ പി.കെ)യുടെ ലേഖനത്തിൽ നിന്ന്)

 

 

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top