മുഹമ്മദ്‌

നബിയേ, താങ്കളെ ഏറെ ഇഷ്ടമാണ്

 

ഈ കത്ത് ഞാന്‍ എഴുതുന്നത് കണ്ണീരോടും ഹൃദയവേദനയോടുമാണ്. താങ്കളാരാണെന്നും ലോകത്തിന് സമ്മാനിച്ചതെന്താണെന്നും തിരിച്ചറിവുണ്ടായ സമയത്ത് മതിയായ ആദരവും സ്‌നേഹവും നല്‍കാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടുവെന്ന് തുറന്നുപറയുന്നതില്‍ ഖേദമുണ്ട്. താങ്കളുടെ മഹനീയമായ സന്ദേശങ്ങളെയും ജീവിതാധ്യാപനങ്ങളെയും കുറിച്ച കഥകള്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും അവയെല്ലാം എന്നെ എവ്വിധം സ്വാധീനിച്ചുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

എന്റെ എട്ടാംവയസ്സിലാണ് ഉമ്മ കാന്‍സര്‍ പിടിപെട്ട് മരണപ്പെട്ടത്. എന്നെ അത്ഭുതപ്പെടുത്തിയിരുന്ന ജീവിതമായിരുന്നു അവരുടേത്. അല്ലാഹുവിനെ സ്‌നേഹിക്കുകയും വണങ്ങുകയും ചെയ്തിരുന്ന സച്ചരിതയായിരുന്നു അവര്‍. ഉമ്മയെപ്പോലെയാണ് ഞാനെന്ന് അവരെപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു. ഇനിയും ഞാന്‍ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന ബോധ്യം സദാ അവര്‍ പകര്‍ന്നുനല്‍കി. എന്നാല്‍ അവരെപ്പോലെയാകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഇസ്‌ലാമിനോടുള്ള സ്‌നേഹം അവരില്‍ മൊട്ടിട്ടതും പിന്നീടങ്ങോട്ട് കരുത്താര്‍ജിച്ചതും എങ്ങനെയെന്ന് അവരെനിക്ക് വിവരിച്ചുതന്നിരുന്നു. താങ്കളുടെ ജീവചരിത്രം വായിച്ചാണ് ആകൃഷ്ടയായതെന്നും ഇസ്‌ലാം സ്വീകരിച്ചതെന്നും ആവേശത്തോടെ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. താങ്കളെപ്പോലെയൊരാള്‍ ജീവിച്ചിരുന്നുവെന്നത് അവിശ്വസനീയമായിത്തോന്നിയെന്നും ഉമ്മ പറയുമായിരുന്നു. എന്നും ഉറങ്ങാന്‍ നേരത്ത് താങ്കളെക്കുറിച്ചുള്ള ചരിത്രങ്ങള്‍ എനിക്ക് പറഞ്ഞുതരാന്‍ ഉമ്മ ശാഠ്യം കാട്ടിയിരുന്നു. അതെല്ലാം ഞാന്‍ ആസ്വദിക്കുകയുണ്ടായി.
ഉമ്മയുടെ വിയോഗശേഷം പക്ഷേ താങ്കളെക്കുറിച്ച് കേള്‍ക്കാനോ വായിക്കാനോ താല്‍പര്യംകാട്ടിയില്ലെന്നത് ഞാന്‍ ഖേദത്തോടെ സമ്മതിക്കുന്നു. താങ്കളെ കേള്‍ക്കുമ്പോള്‍ ഉമ്മയെക്കുറിച്ച ഓര്‍മകള്‍ തിരയടിച്ചെത്തും. അതെനിക്ക് അസഹനീയമായിരുന്നു. എന്നിരുന്നാലും എന്റെ മാതാവിന്റെ അവസാനദിനങ്ങള്‍ സന്തോഷപ്രദമാക്കിയത് താങ്കളുടെ ഉപദേശങ്ങളായിരുന്നുവെന്നത് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. വേദനകൊണ്ട് പുളയുമ്പോള്‍ , താങ്കള്‍ നിര്‍ദേശിച്ച പ്രാര്‍ഥനകള്‍ ഉമ്മ ഉരുവിടുകപതിവായിരുന്നു. താങ്കളുടെ പേരില്‍ സ്വലാത്തും ചൊല്ലുമായിരുന്നു. താങ്കളോട് അധികമധികം ആദരവ് തോന്നിയ നിമിഷങ്ങള്‍ അതിനുമുമ്പൊരിക്കലും എനിക്ക് ഉണ്ടായിട്ടില്ലെന്ന് തുറന്നുപറയട്ടെ. എനിക്ക് താങ്കളോടുള്ള ഇഷ്ടം ആ നാളുകളിലാണ് ശക്തിയാര്‍ജിച്ചത്.
ഈ ലോകത്ത് എങ്ങനെ കഴിയണമെന്നതിന്റെ മാതൃക താങ്കള്‍ ജീവിച്ചുകാട്ടി. മരണത്തിന്റെ അവസാനഘട്ടത്തിലും ഉമ്മയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കിയതിന് താങ്കളോട് സ്‌നേഹവും നന്ദിയും പ്രകാശിപ്പിക്കുകയാണ്. എന്റെ ഉമ്മയെപ്പോലുള്ള സ്ത്രീകള്‍ക്ക്, എന്നെപ്പോലെ പെണ്‍കുട്ടികള്‍ക്ക് പിറവിയെടുക്കാന്‍ താങ്കള്‍ അവസരമുണ്ടാക്കിയതിന് , അതുവഴി മനുഷ്യരാശിക്ക് വിമോചനപാത തെളിച്ചുകൊടുത്തതിന് പ്രത്യേകം നന്ദിയുണ്ട്. അല്ലാഹുവിന്റെ ദൂതരേ, താങ്കളില്‍ ദൈവത്തിന്റെ രക്ഷയുണ്ടാകട്ടെ.
താങ്കളുടെ ഇഹലോകജീവിതം ലോകത്തിന് തികഞ്ഞ അനുഗ്രഹം തന്നെയായിരുന്നു. ഒട്ടേറെ ആളുകളുടെ ഹൃദയങ്ങളെ താങ്കളുടെ ജീവിതം മാറ്റിമറിച്ചു. എല്ലാറ്റിനെയും അതിജയിക്കുന്ന സ്‌നേഹം താങ്കളോടാണുള്ളത് എന്ന് ഇപ്പോള്‍ തുറന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
എന്ന്, മലിക ജമീല


(പ്രവാചകനോട് സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് കത്തെഴുതാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളോട്

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top